പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതി ശുപാർശ. സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം.
നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാനാണ് ശുപാർശ.
ഡോ. എം.എ. ഖാദർ ചെയർമാനായുള്ള സമിതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
അധ്യാപകനാവാൻ ബിരുദംവേണം
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ അധ്യാപക യോഗ്യതകളുയർത്തണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. പ്രൈമറിതലത്തിൽ (ഒന്നുമുതൽ ഏഴുവരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം. ബിരുദനിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കണം. സെക്കൻഡറിതലത്തിൽ ബിരുദാന്തര ബിരുദമാകണം അടിസ്ഥാന യോഗ്യത. പ്രൊഫഷണൽ യോഗ്യത ബിരുദനിലവാരത്തിലുള്ളതാകണം. പ്രീ-സ്‌കൂളിന് എൻ.സി.ടി.ഇ. നിർദേശിക്കുന്ന മാനദണ്ഡങ്ങളാകണം യോഗ്യത. മൂന്നുവയസ്സു മുതൽ സ്‌കൂൾ പ്രവേശന പ്രായംവരെ കുട്ടികൾക്ക് പ്രീ-സ്‌കൂളിങ് സൗകര്യമൊരുക്കണം. ഇതിന് ഏകോപിത സംവിധാനം വേണം. അംഗീകാരമില്ലാത്ത പ്രീ-സ്‌കൂൾ അധ്യാപക പരിശീലന കേന്ദ്രങ്ങൾക്കെതിരേ നടപടി സ്വീകരിക്കണം. പ്രീ-സ്‌കൂളിങ് നയവും നിയമവും രൂപവത്കരിക്കാനും ശുപാർശയുണ്ട്.
ഹെഡ്മാസ്റ്ററില്ല; ഇനി പ്രിൻസിപ്പൽ
സ്ഥാപന മേധാവികളെ ഹെഡ്മാസ്റ്ററിനു പകരം പ്രിൻസിപ്പൽ എന്ന പദവിയിലേക്ക് മാറ്റാനും സമിതി ശുപാർശ ചെയ്യുന്നു. പ്രിൻസിപ്പൽ (സെക്കൻഡറി), പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), പ്രിൻസിപ്പൽ (പ്രൈമറി), പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പേരുമാറ്റം.
റവന്യൂ, ജില്ലാതല വിദ്യാഭ്യാസ ഓഫീസ് ഉണ്ടാകണം. ഇതിനായി ജോയൻറ്് ഡയറക്ടർ ഓഫ് സ്‌കൂൾ എജ്യുക്കേഷൻ എന്ന തസ്തികയുണ്ടാക്കണം. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തനഘടകം സ്‌കൂളായിരിക്കും. ഒരു സ്‌കൂളിന് ഒരു സ്ഥാപനമേധാവി മാത്രമേ ഉണ്ടാകൂ.
മുഴുവൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളും സെക്കൻഡറി സ്‌കൂളുകളാക്കി മാറ്റണം. അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ശാസ്ത്രീയമായി കായിക പരിശീലനവും കലാപരിശീലനവും നൽകണം. ഇപ്പോൾ പ്രഖ്യാപിച്ച കെ.എ.എസ്., വിദ്യാഭ്യാസ രംഗത്ത് കേരള എജ്യൂക്കേഷൻ സർവീസ് എന്ന നിലയിൽ വികസിപ്പിക്കണമെന്നും ശുപാർശയുണ്ട്.
സമിതിയംഗങ്ങളായ ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സെക്രട്ടറി എ. ഷാജഹാൻ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകുമ്പോൾ സന്നിഹിതരായിരുന്നു.
Post A Comment:
0 comments: