ഓണം അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കാനിരിക്കെ, പ്രളയദുരിത ബാധിതപ്രദേശങ്ങളിൽ യൂണിഫോം ധരിച്ചെത്താൻ കുട്ടികളെ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. പലരുടെയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉൾപ്പെടെ സർവതും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവ ക്ലാസിൽ കൊണ്ടുവരാൻ കഴിയാത്തതിന്റെ പേരിൽ ഒരുതരത്തിലുള്ള നടപടിയും കുട്ടികളുടെ മേൽ സ്വീകരിക്കാൻ പാടില്ല.
സ്‌കൂൾ പരിസരവും ക്ലാസുകളും ശുചിമുറികളും വൃത്തിയാക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ ഒരു സാഹചര്യവും സ്‌കൂളുകളിൽ ഇല്ലെന്നും അദ്ധ്യാപക -രക്ഷാകർതൃ സംഘടനകളും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളും ഉറപ്പാക്കണം. ഉച്ചഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് അത് ലഭ്യമാക്കിയിട്ടുണ്ടെന്ന് നൂൺ മീൽ ഓഫീസർമാരും ഉറപ്പു വരുത്തണം.
എല്ലാ സ്‌കൂളുകളും ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ. റീജണൽ ഓഫീസർമാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരും ജില്ലാ കളക്ടർമാരും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർമാരും ഉറപ്പുവരുത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു.
മാതാപിതാക്കളിൽനിന്ന് ഒറ്റപ്പെട്ട കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്ന് കമ്മിഷൻ നേരത്തെ ഉത്തരവായിരുന്നു. വീടുകളുടെ അവസ്ഥ മെച്ചപ്പെടുംവരെ ക്യാമ്പുകളിലും സ്ഥാപനങ്ങളിലുമുള്ള കുട്ടികൾക്ക് അതതിടങ്ങളിൽ തുടരാൻ അനുമതി നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.
Post A Comment:
0 comments: