മധ്യവേനലവധിക്കാലത്തു ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികൃതർ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ അറിയിച്ചു. സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ സിലബസിലുമുള്ള സ്കൂൾക്ക് ഇതു ബാധകമാണ്. അവധിക്കാലത്തു ക്ലാസ് നടത്തിയാൽ വേനൽച്ചൂടുമൂലം വിദ്യാർഥികൾക്ക് ഉണ്ടാകുന്ന അത്യാഹിതങ്ങൾക്കു സ്കൂൾ അധികാരികൾ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർ വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടിവരും.
അവധിക്കാല ക്യാപുകൾ സംഘടിപ്പിക്കാൻ അനുമതി തേടി ഒട്ടേറെ അപേക്ഷകൾ ലഭിക്കുന്നുണ്ട്. മധ്യവേനലവധിക്കാലത്തു പരമാവധി ഏഴുദിവസം ക്യാംപ് നടത്താമെന്ന വ്യവസ്ഥയോടെ ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരിൽ ഒരാൾക്ക് അനുമതി നൽകാം. അനുമതി നൽകുന്ന ഉദ്യോഗസ്ഥർ ക്യാംപ് നേരിട്ടു സന്ദർശിച്ചു കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാൻ, ശുചിമുറി എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
കുട്ടികൾക്കു വേനൽച്ചൂടിന്റെ ആഘാതം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ക്യാംപിന്റെ സംഘാടകർക്കും ബാധ്യതയുണ്ട്. അവധിദിനങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കായി കുട്ടികൾ നിർബന്ധിക്കപ്പെട്ടാൽ അത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു വിഘാതമാകുമെന്നു പല പഠനങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണു കർശന നടപടിയെന്നു മോഹൻ കുമാർ പറഞ്ഞു.
Post A Comment:
0 comments: