സംസ്ഥാനത്തെ സ്‌കൂളുകളെയും അധ്യാപകരെയും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തി ഗ്രേഡ് തിരിക്കുന്നു. സ്‌കൂളുകളുടെ മൂല്യനിര്‍ണയത്തിന് ഏഴു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവ വിലയിരുത്തി സ്‌കൂളുകള്‍ സ്വന്തം നിലയിലും ബാഹ്യ ഏജന്‍സികളും മൂല്യനിര്‍ണയം നടത്തണം.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനാണ് മൂല്യനിര്‍ണയത്തിനുള്ള ചട്ടക്കൂടിന് രൂപം നല്‍കിയത്. സംസ്ഥാനത്ത് എസ്.എസ്.എ. വഴിയാണ് ഇത് നടപ്പാക്കുന്നത്. മൂല്യനിര്‍ണയ ചട്ടക്കൂട്
'വിദ്യാലയഗുണത' എന്ന പേരില്‍ പുസ്തകമായി എസ്.എസ്.എ. സ്‌കൂളുകള്‍ക്ക് നല്‍കി.ഓരോ മാനദണ്ഡവുമായും ബന്ധപ്പെട്ടുള്ള പ്രതികരണത്തിനും ഇടമുണ്ട്. നൂതനാശയങ്ങള്‍ പ്രയോഗിക്കുന്നതും വിദ്യാലയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ആസൂത്രണവുമൊക്കെ ഇതില്‍ ഉള്‍പ്പെടും. മൂല്യനിര്‍ണയ വിവരങ്ങള്‍ സ്‌കൂളില്‍ 'ഡാഷ്‌ബോര്‍ഡില്‍' പ്രദര്‍ശിപ്പിക്കണം. 'ശാലാസിദ്ധി' വെബ്‌പോര്‍ട്ടലുമായും ഇത് ബന്ധിപ്പിക്കും. സ്‌കൂളും ബാഹ്യ ഏജന്‍സികളും തയ്യാറാക്കിയ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് സമഗ്രമായി ഇതില്‍ ലഭ്യമാകും.
അതേസമയം, ഗ്രേഡിങ്ങിനെതിരേ അധ്യാപകസംഘടനകള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയില്‍ അധ്യാപകസംഘടനാനേതാക്കൾ വേണ്ടത്ര ചര്‍ച്ച നടത്താതെ സ്‌കൂളുകളെയും അധ്യാപകരെയും തരംതിരിക്കുന്നതിനെ ചോദ്യം ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിതെന്നും ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും വിവേചനം ഉണ്ടാകില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. സ്‌കൂളുകളുടെ പുരോഗതി നിരന്തരം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും മൂല്യനിര്‍ണയം അനിവാര്യമാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.
മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍
* വിദ്യാലയ വിഭവങ്ങള്‍: അടിസ്ഥാന സൗകര്യങ്ങള്‍
* പഠനബോധന തന്ത്രങ്ങള്‍: വിദ്യാര്‍ഥികളെക്കുറിച്ചുള്ള അധ്യാപകരുടെ ധാരണ, അധ്യാപകരുടെ അറിവ്, അധ്യാപനാസൂത്രണം.
* പഠനപുരോഗതിയും വികാസവും: കുട്ടികളുടെ ഹാജരും പുരോഗതിയും, പഠനനേട്ടം.
* അധ്യാപക പ്രവര്‍ത്തനം: അധ്യാപകരുടെ ശാക്തീകരണവും ഹാജരും, അധ്യാപക പ്രവര്‍ത്തനം നിരീക്ഷിക്കല്‍.
* വിദ്യാലയനേതൃത്വം: കാഴ്ചപ്പാട് രൂപവത്കരിക്കല്‍, മാറ്റങ്ങളിലേക്ക് നയിക്കല്‍.
* ആരോഗ്യസുരക്ഷ: സങ്കലിത സംസ്‌കാരം, ഭിന്നശേഷിക്കാരെ ഉള്‍ച്ചേര്‍ക്കല്‍, ഭൗതിക, മാനസിക സുരക്ഷ.
* സാമൂഹികപങ്കാളിത്തം: സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനം, സമൂഹവുമായുള്ള ബന്ധം.
Post A Comment:
0 comments: