കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരകളും പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വൈന്‍ഡിങ് മെഷീനും ഇല്ലാത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കെതിരേ നടപടിവരുന്നു. 31 നകം എല്ലാ സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ഇവ ഏര്‍പ്പെടുത്തണം. അല്ലാതെയുള്ള സ്‌കൂളുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാടൈറ്റസിന്റെ സര്‍ക്കുലറില്‍ പറയുന്നു.
ശുദ്ധമായ കുടിവെള്ളം, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മൂത്രപ്പുരകള്‍, കക്കൂസ്, പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വൈന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ അഥവാ മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയാണ് സ്‌കൂളുകളിലുണ്ടായിരിക്കേണ്ട സൗകര്യങ്ങളെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇവ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടത്തിപ്പിന് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളുടെ ഭാഗമാക്കണം.
സ്‌കൂള്‍ പരിശോധനാവേളയില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എല്ലാ സ്‌കൂളുകളിലും ഈ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളുടെ മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് ഈ സൗകര്യങ്ങള്‍ ഉണ്ടെന്ന് എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. ഡയറക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്രവര്‍ത്തനസമയം നീട്ടിയത് വിദ്യാര്‍ഥിനികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ കഴിഞ്ഞവര്‍ഷം ബാലാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവും ഇറക്കിയിരുന്നു. അതിനാലാണ് പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിനുമുമ്പ് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
http://www.mathrubhumi.com
Post A Comment:
0 comments: