'കഞ്ചാവ്, മദ്യവും മയക്കുമരുന്നും പോലെയല്ല. പ്രകൃതിദത്തമായതിനാല്‍ ദോഷമില്ല. ആരോഗ്യപ്രശ്‌നവുമുണ്ടാകില്ല'. സ്‌കൂള്‍ കുട്ടികളെ കഞ്ചാവ് ലോബി കയ്യിലെടുക്കുന്നതിന് പറയുന്ന കാരണങ്ങളാണിത്. ഇതു വിശ്വസിക്കുന്ന കുട്ടികള്‍ പരീക്ഷണത്തിനു മുതിരും. ആദ്യമൊക്കെ ഏജന്റുമാര്‍ സൗജന്യമായി കഞ്ചാവു നല്‍കും. ദിവസങ്ങള്‍കൊണ്ട് അടിമപ്പെടുന്ന കുട്ടികള്‍ പണം കൊടുത്ത് വാങ്ങിത്തുടങ്ങും. പണമില്ലാതെ വരുന്നതോടെ ഏജന്റുമാര്‍ വില്പനയ്ക്കു പ്രേരിപ്പിക്കും. 10 പൊതി എടുത്താല്‍ എട്ടെണ്ണം വിറ്റു പണം നല്‍കിയാല്‍ മതി. രണ്ടെണ്ണം സ്വന്തം ഉപയോഗത്തിന്. സാമ്പത്തികസ്ഥിതി മോശമായ കുട്ടികളെയാണ് പലപ്പൊഴും കെണിയില്‍പ്പെടുത്തുന്നത്. ശാന്തസ്വഭാവക്കാരാണ് വേഗം ഇരയാകുന്നത്.
അകപ്പെട്ടുകഴിഞ്ഞാല്‍ അവരെത്തന്നെ ഏജന്റുമാരാക്കി ശൃംഖല വ്യാപിപ്പിക്കുകയാണ് ലോബി. നമ്മുടെ സ്‌കൂള്‍ കാമ്പസുകള്‍ ലഹരിവിമുക്തമല്ല. സ്‌കൂള്‍ കുട്ടികളെയാണ് കഞ്ചാവുലോബി അധികവും ലക്ഷ്യമിടുന്നതെന്നാണ് ലഹരിവിമോചനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. കുട്ടികളെ വലയിലാക്കാന്‍ എളുപ്പമാണെന്നുള്ളതാണ് ഇതിന് കാരണം. ചില സിനിമകളില്‍ ലഹരി ഉപയോഗത്തെ മഹത്ത്വവത്കരിച്ചു കാണിക്കുന്നത് കുട്ടികള്‍ക്ക് വഴി തെറ്റാന്‍ പ്രേരണയാകുന്നുണ്ടെന്ന് തൃശ്ശൂരിലെ ലഹരി വിമോചനകേന്ദ്രമായ 'നെസ്റ്റി'ലെ ഡോക്ടര്‍ സിസ്റ്റര്‍ ബീന പറയുന്നു.
കുട്ടികള്‍ വഴിതെറ്റുന്നത് ആദ്യം തിരിച്ചറിയേണ്ടത് രക്ഷിതാക്കളാണ്. സ്വഭാവ വ്യതിയാനങ്ങള്‍ മനസ്സിലാക്കണം. നെസ്റ്റില്‍ കൗണ്‍സലിങ്ങിനും ചികിത്സയ്ക്കുമെത്തുന്ന വിദ്യാര്‍ഥികളില്‍ മുക്കാല്‍പങ്കും രക്ഷിതാക്കളുടെ ശ്രദ്ധ കിട്ടാത്തവരാണ്. അവരില്‍ത്തന്നെ അധികവും പിതാവ് അടുത്തില്ലാത്തവര്‍.
കുട്ടികളെ നിരീക്ഷിച്ചാല്‍ത്തന്നെ വഴിതെറ്റുന്നത് തിരിച്ചറിയാന്‍ കഴിയുമെന്ന് സിസ്റ്റര്‍ ബീന പറയുന്നു. സ്‌കൂളില്‍ പോകാന്‍ മടികാണിക്കുക, പഠനം ഉഴപ്പുക, ആവശ്യമില്ലാതെ ദേഷ്യപ്പെടുക, സഹോദരങ്ങളോടും സുഹൃത്തുക്കളോടും വഴക്കുണ്ടാക്കുക, ബാത്ത് റൂമില്‍ കൂടുതല്‍ സമയം ചെലവഴിക്കുക, പതിവായി വീട്ടില്‍ വൈകിയെത്തുക തുടങ്ങിയ സ്വഭാവങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം.
സ്‌കൂള്‍ കുട്ടികളെ ലഹരിയില്‍നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'സ്‌ട്രെയ്റ്റ് എഡ്ജ്' എന്ന പേരില്‍ നെസ്റ്റ് ഒരു പദ്ധതി നടപ്പാക്കുന്നുണ്ട്. തിരഞ്ഞെടുക്കുന്ന സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസുകളും ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താനുള്ള പരിശീലനം നല്‍കുകയും ചെയ്യുന്നു. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമാണ് പരിശീലനം. പലരെയും ഇങ്ങനെ കണ്ടെത്തി നേര്‍വഴിക്കു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നെസ്റ്റ് കോ- ഓര്‍ഡിനേറ്റര്‍ ജോയ് കാഞ്ഞിരത്തിങ്കല്‍ പറഞ്ഞു. സ്‌കൂള്‍ പി.ടി.എ. കളുടെയും മറ്റും നേതൃത്വത്തില്‍ ഇത്തരം ക്ലാസുകള്‍ സംഘടിപ്പിക്കാവുന്നതാണ്. തൃശ്ശൂര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റിന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് 0487 2323190 എന്ന നമ്പരില്‍ വിളിക്കാം.
ജനമൈത്രി പോലീസ്, എക്‌സൈസ് വകുപ്പ് എന്നിവരും ഇത്തരം ബോധവത്കരണ ക്ലാസുകള്‍ സ്‌കൂളുകളില്‍ നടത്തിവരുന്നുണ്ട്. അടുത്തുള്ള സ്റ്റേഷനില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
Post A Comment:
0 comments: